.

.

Saturday, April 21, 2012

അമ്മയെ കാക്കണം (ഏപ്രില്‍ 22 ലോക ഭൌമദിനം)

പൂര്‍വികരില്‍നിന്നു നമുക്കു പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളില്‍നിന്നു കടംവാങ്ങിയതാണീ ഭൂമി - ഒരേയൊരു ഭൂമി (Only One Earth) എന്ന പുസ്തകത്തിലെ ഇൌ വാക്യങ്ങള്‍ ഒാരോ നിമിഷവും നാം ഓര്‍ക്കണം.

ഒരേ ഒരു ഭൂമിയേ നമുക്കുള്ളൂ. ആ ഭൂമിയമ്മയാവട്ടെ പനിച്ചൂടില്‍ വിറച്ചും മലിനീകരണത്താല്‍ ശ്വാസംമുട്ടിയും ആസന്നമരണയായിക്കഴിഞ്ഞിരിക്കുന്നു. തണുപ്പും തണലും നീരുറവകളും കിളിക്കൊഞ്ചലുകളുമൊക്കെ ഭൂമിയമ്മയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇൌ ദുരവസ്ഥയ്ക്കു കാരണം മക്കളായ മനുഷ്യര്‍ തന്നെ. ഭൂമിയെ രക്ഷിക്കാന്‍, സുസ്ഥിര ഭാവിയിലേക്കു ചുവടുവയ്ക്കാന്‍ നമുക്കു കൈകോര്‍ക്കാം, ഒന്നിച്ചു ശബ്ദമുയര്‍ത്താം. ഇൌ സന്ദേശവുമായാണ് ഏപ്രില്‍ 22ന് ഭൌമദിനം കടന്നുവരുന്നത്.

Mobilize the Earth ഇതാണ് ഇത്തവണത്തെ ദിനാചരണ വിഷയം. ഭൂമിയെ രക്ഷിക്കുക, ഭൂമി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു രാജ്യാന്തരതലത്തില്‍ അവബോധമുണ്ടാക്കുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ഭൌമദിനാചരണ ലക്ഷ്യങ്ങള്‍.

എന്നാണ് ഇൌ ഭൌമദിനാചരണം തുടങ്ങിയതെന്നറിയാമോ? 1970ല്‍ അമേരിക്കയില്‍. ഗേയ്ലോഡ് നെല്‍സണ്‍ എന്ന അമേരിക്കന്‍ സെനറ്റര്‍ ആണ് ഭൌമദിനാചരണത്തിനു തുടക്കം കുറിച്ചത്. പരിസ്ഥിതി പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാവുന്നതിലേക്കുള്ള ചുവടുവയ്പായിരുന്നു അത്. 1972ല്‍ ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക്ഹോമില്‍ ചേര്‍ന്ന മാനവ പരിസ്ഥിതി സമ്മേളനത്തോടെ പരിസ്ഥിതി ചര്‍ച്ചകള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 1987ല്‍ യുഎന്നിന്റെ ഒൌവര്‍ കോമണ്‍ ഫ്യൂച്ചര്‍ എന്ന റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ സുസ്ഥിര വികസനം (sustainable development) എന്ന ആശയം ലോകശ്രദ്ധയില്‍ വന്നു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജൈവവൈവിധ്യനാശം, മലിനീകരണം, ജലസ്രോതസുകളുടെ ശോഷണം തുടങ്ങിയവയൊക്കെ സൃഷ്ടിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍ക്കു നടുവിലാണിപ്പോള്‍ ഭൂമി.

1992ല്‍ റിയോ ഡി ജനീറോയില്‍ നടന്ന ഭൌമ ഉച്ചകോടിയോടെ ഭൌമദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യം ലഭിച്ചു. 2009ല്‍ യുഎന്‍, ഏപ്രില്‍ 22 International mother earth day ആയി പ്രഖ്യാപിച്ചു. 2008 യുഎന്‍ രാജ്യാന്തര ഭൌമവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.

ഭൌമദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് earth day നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കുന്നത്.

A Billion acts of green പരിപാടിയിലൂടെ എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് വെബ്സൈറ്റില്‍ നൂറു കോടി പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം. ഇത് ഇൌ വര്‍ഷം ജൂണില്‍ നടക്കുന്ന സുസ്ഥിര വികസനത്തിനുവേണ്ടിയുള്ള യുഎന്‍ ഉച്ചകോടിയായ റിയോ+20യില്‍ അവതരിപ്പിക്കും. ലോകമെങ്ങും ജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, റാലികള്‍, പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍, Mobilize U എന്ന പേരില്‍ രാജ്യാന്തരതലത്തില്‍ സര്‍വകലാശാലകള്‍ക്കുവേണ്ടി നടത്തുന്ന മല്‍സരങ്ങള്‍ എന്നിങ്ങനെ വേറെയുമുണ്ടു ധാരാളം പ്രവര്‍ത്തനങ്ങള്‍. വനവല്‍ക്കരണത്തിനും പരിസ്ഥിതി സൌഹൃദപരവും പുതുക്കാവുന്നതുമായ ഉൌര്‍ജസ്രോതസുകളുടെ പ്രചാരണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. വേണമെങ്കില്‍ എര്‍ത്ത് ഡേ നെറ്റ്വര്‍ക്കില്‍ ബ്ലോഗ് എഴുതാനും അവസരമുണ്ട്. ട്വിറ്ററും ഫേസ്ബുക്കുമൊക്കെ ഭൌമദിന സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സീമ ശ്രീലയം (മനോരമ ഓണ്‍ലൈന്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക