.

.

Saturday, September 15, 2012

മാനത്തെ കാണാക്കുട


ഭാവി തലമുറകള്‍ക്കായി നമ്മുടെ ആകാശവുംഅന്തരീക്ഷവുമൊക്കെ കാത്തുസൂക്ഷിക്കാം എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ഓസോണ്‍ ദിനം കടന്നുവരുന്നത്. Protecting our atmosphere for generationsto come ഇതാണ് ഇത്തവണത്തെ ഓസോണ്‍ദിന സന്ദേശം. ഇത്തവണത്തെ ഓസോണ്‍ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൂടിയാണ് ഈ സെപ്റ്റംബര്‍ 16ന്.

1987 സെപ്റ്റംബര്‍ 16നു മോണ്‍ട്രിയലില്‍ വച്ചാണ് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ളഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്. യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) ആണ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്. നമ്മള്‍ ചൂടുന്ന കുടയില്‍ തുളകള്‍ വീണാല്‍ എങ്ങനെയിരിക്കും? ഇൌ അവസ്ഥയിലാണിപ്പോള്‍ ഭൂമിയമ്മ. കത്തുന്ന സൂര്യന്റെ അഗ്നിവര്‍ഷത്തില്‍നിന്നു നമ്മെ കാത്തുരക്ഷിക്കുന്ന, നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ തുളകള്‍ വീണു കഴിഞ്ഞിരിക്കുന്നു. സിഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്ളോറോ ഫ്ലൂറോ കാര്‍ബണുകളാണ് ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന പ്രധാന വില്ലന്‍.

1920കളുടെ അവസാനം തോമസ് മിഡ്ഗ്ലേ (Thomas Midgley) കണ്ടുപിടിച്ച ഇൌ രാസവസ്തു മിറക്കിള്‍കെമിക്കല്‍ എന്നാണ് അക്കാലത്തു വാഴ്ത്തപ്പെട്ടത്. പിന്നീടങ്ങോട്ട് റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും ശീതീകാരിയായി വന്‍തോതില്‍ ഫ്രിയോണ്‍ പോലുള്ള സിഎഫ്സികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1970കളില്‍ പോള്‍ ക്രൂറ്റ്സണ്‍, ഷെര്‍വുഡ് റൌളണ്ട് മരിയോ മോളിന എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങളാണ് ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്തു കൊണ്ടുവന്നത്. അദ്ഭുത രാസവസ്തുക്കള്‍ എന്നു വാഴ്ത്തിപ്പാടിയ സിഎഫ്സികളാണ് നമ്മുടെ രക്ഷാകവചത്തെ കാര്‍ന്നുതിന്നുന്നത്!

ക്ളോറോ ഫ്ലൂറോ കാര്‍ബണുകള്‍ക്കു പകരം ഉപയോഗിക്കാമെന്ന അവകാശ വാദവുമായി രംഗത്തെത്തിയ ഹൈഡ്രോ ക്ളോറോ ഫ്ലൂറോ കാര്‍ബണുകളും ഹൈഡ്രോ ഫ്ലൂറോ കാര്‍ബണുകളും ഓസോണ്‍ പാളിക്കു ദോഷം തന്നെയാണെന്നു തെളിഞ്ഞതോടെ അവയും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇവയ്ക്കു പകരം ഗ്രീന്‍ ഫ്രീസ് ഹൈഡ്രോകാര്‍ബണ്‍ ടെക്നോളജി ഉപയോഗിക്കാമെന്നാണു പുതിയ കണ്ടെത്തല്‍. 2020 ആകുമ്പോഴേക്കും രാജ്യാന്തരതലത്തില്‍ നിര്‍മിക്കുന്ന 80 ശതമാനത്തോളം റഫ്രിജറേറ്ററുകളിലും ഗ്രീന്‍ ഫ്രീസ് ടെക്നോളജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണു ശാസ്ത്രജ്ഞര്‍പറയുന്നത്.

അപ്പോഴും ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പഴയ ശീതീകാരികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.

സീമ ശ്രീനിലയം മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ്‌

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക