.

.

Sunday, November 17, 2013

തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍

വെള്ളമുണ്ട: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ലാബുകളില്‍ ഇനിമുതല്‍ ജീവിവര്‍ഗങ്ങളെ കീറിമുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളുമുണ്ടാവില്ല. പകരം, കമ്പ്യൂട്ടറില്‍ കണ്ടുള്ള ജന്തുശാസ്ത്ര പഠനമാകും നടക്കുക.
തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

1972ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവയെല്ലാം നീക്കാന്‍ ഉത്തരവിറങ്ങിയത്.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലാബിലേക്കുവേണ്ടി ഇവയെ പിടിക്കുന്നതും കൊല്ലുന്നതും സൂക്ഷിക്കുന്നതുമൊക്കെ വിലക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെടും. വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്ന ചെറുസസ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ തവളകള്‍, ചെറുതും വലുതുമായ പാമ്പുകള്‍, പക്ഷികള്‍, ഉരഗങ്ങള്‍, കടല്‍ജീവികള്‍, ഗിനിപ്പന്നികള്‍, മുയലുകള്‍ എന്നിവയെയൊന്നും സ്‌കൂളുകളില്‍ പരീക്ഷണത്തിന് കൊണ്ടുവരാന്‍ പാടില്ല. ഇവയുടെ അസ്ഥിക്കൂടങ്ങള്‍, എല്ലുകള്‍, ഭ്രൂണങ്ങള്‍, തൂവലുകള്‍, തൊലി, സ്പിരിറ്റിലിട്ടുവെച്ച ഉടല്‍ എന്നിവയൊന്നും ലാബില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും വില്‍ക്കുന്നതിനുമെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹയര്‍സെക്കന്‍ഡറി ലാബുകളിലേക്ക് പരീക്ഷണ ജീവികളെ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്.
മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് തുടങ്ങിയവയെ സ്പിരിറ്റിലിട്ട് സൂക്ഷിക്കുന്നത് സുവോളജി ലാബുകളില്‍ പതിവായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും ശാസ്ത്രമേളകളിലും ഇവയെ പ്രദര്‍ശിപ്പിക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇനിമുതല്‍ ഇത്തരം ജീവിവര്‍ഗങ്ങളെ സൂക്ഷിക്കുന്നതിന് വിദ്യാലയങ്ങളിലെ മേധാവികള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടണം. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് മാത്രമായിരിക്കുമെന്ന് നവംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ഹയര്‍സെക്കന്‍ഡറി സര്‍ക്കുലറില്‍ പറയുന്നു.

News: 2013 november 17 mathrubhumi

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക