.

.

Friday, June 6, 2014

വയനാട്ടിലെ 14 ഇനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ കണ്ടെത്തിയതില്‍ 14 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളത്. 

വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങി 14 തദ്ദേശീയ ഇനങ്ങളെയാണ് സര്‍വേയില്‍ കണ്ടതെന്ന് കോഓര്‍ഡിനേറ്റര്‍ ഡോ. ജാഫര്‍ പാലോട് പറഞ്ഞു. 

വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയ്ഞ്ചുകളില്‍ എട്ടിടങ്ങളിലായി നടത്തിയ സര്‍വേയില്‍ 67 ഇനം തുമ്പികളെയാണ് ആകെ കണ്ടത്. ഇതില്‍ 38 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെ ഗണത്തില്‍പ്പെടുന്നതാണ്. സൂചിത്തുമ്പികളുടെ പട്ടികയില്‍പ്പെട്ടതാണ് 29 ഇനങ്ങള്‍.

ഇരിക്കുമ്പോള്‍ നിവര്‍ത്തിപ്പിടിക്കുന്ന ചിറകുകളും തടിച്ച ഉടലുമുള്ളതാണ് കല്ലന്‍തുമ്പികള്‍ !(ഡ്രാഗണ്‍ ഫ്‌ലൈ). ഇരിക്കുമ്പോള്‍ ചിറകുകള്‍ ഉടലിനു സമാന്തരമായി ചേര്‍ത്തുവെക്കുന്നവയാണ് സൂചിത്തുമ്പികള്‍ (ഡെംസല്‍ ഫ്‌ലൈ). 

വന്യജീവി സങ്കേതത്തിലെ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടുത്തിയ പ്രദേശങ്ങളിലെ ചതുപ്പുകളും അരുവികളും കേന്ദ്രീകരിച്ചായിരുന്നു സര്‍വേയെന്ന് മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് സത്യന്‍ മേപ്പയ്യൂര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരും പരിസ്ഥിതി വിജ്ഞാന വിദഗ്ധരുമടക്കം 50 പേരാണ് ത്രിദിന സര്‍വേയില്‍ പങ്കെടുത്തത്. 
വന്യജീവിസങ്കേതത്തിലെ തുമ്പി വൈവിധ്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തിയതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി. തോമസ് പറഞ്ഞു. 

നിത്യഹരിതവനങ്ങളും ചോലക്കാടുകളും പേരിനുമാത്രമുള്ള വന്യജീവി സങ്കേതത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഇത്രയും ഇനങ്ങളെ കണ്ട സാഹചര്യത്തില്‍ വയനാട് മുഴുവന്‍ സര്‍വേയ്ക്ക് വിധേയമാക്കിയാല്‍ നൂറിലധികം ഇനം തുമ്പികളെ കാണാന്‍ കഴിഞ്ഞേക്കുമെന്ന് ഡോ. ജാഫര്‍ പാലോട് പറഞ്ഞു. 
തുമ്പി വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിന് വയനാട് മുഴുവനായും സര്‍വേക്ക് വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യം വനംവന്യജീവി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 154 ഇനം തുമ്പികളെയാണ് ഇതിനകം കണ്ടെത്തിയത് ഡോ. ജാഫര്‍ പറഞ്ഞു.

സംസ്ഥാന വനംവന്യജീവി വകുപ്പ് കോഴിക്കോട് ആസ്ഥാനമായ മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തുമ്പി സര്‍വേ നടത്തിയത്.

സര്‍വ്വെയില്‍ കണ്ട തുമ്പികളില്‍ ചിലതിന്റെ ദൃശ്യങ്ങളാണ് ഇതോടൊപ്പം -









(ചിത്രങ്ങള്‍ക്ക് കടപ്പാട് : Malabar Natural History Society - MNHS )
News: Mathrubhumi 
Jun 06, 2014

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക