.

.

Thursday, October 23, 2014

കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്‌: സോഷ്യല്‍ ഫോറസ്ട്രി, ഗ്രീന്‍ഹാബിറ്റാറ്റ്, എസ്.എസ്.എം വി.എച്.എസ് ഹരിതസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കടലാമ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നടന്ന സെമിനാര്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 
ആവാസ വ്യവസ്ഥയിലെ ദുര്‍ബലരായ കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്  ദശാബ്ദമായി നേതൃത്വം നല്‍കുന്ന ഗ്രീന്‍ഹാബിറ്റാറ്റ്, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ ഹരിതസേന  പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നിര്‍വഹിച്ചു വരുന്നതെന്ന്  എം എല്‍ എ പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ ചാവക്കാട്‌ തീരമേഖലയില്‍ പത്ത്‌ വര്‍ഷത്തോളമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ്‌ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തത്. ഷെഡ്യൂള്‍ 2 വന്യജീവി വിഭാഗത്തില്‍ പെടുന്ന ആമകളെ വേട്ടയാടുന്നതും മുട്ടകള്‍ നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ തീരദേശ ജനതയെയും മത്സ്യത്തൊഴിലാളികളെയും ബോധവല്‍ക്കരിക്കുന്നതാണ് ഇത്തരം ജീവികളുടെ സംരക്ഷണത്തിനു ഉത്തമമെന്ന ബോധ്യമാണ് ക്ലബ്ബുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രചോദനമായതെന്ന് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി.കണ്‍സര്‍വേറ്റര്‍ പി എന്‍ പ്രേമചന്ദ്രന്‍ പറഞ്ഞു. ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം, എടക്കഴിയൂര്‍, പാപ്പാളി എന്നിവടങ്ങളിലാണ് തൃശൂര്‍ ജില്ലയില്‍ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ചാവക്കാട്‌ തീരമേഖലയില്‍ കഴിഞ്ഞ വര്‍ഷം നാനൂറു കുഞ്ഞുങ്ങളെയാണ് കടലിലിറക്കിയത്‌. ആമകള്‍ക്ക് മുട്ടയിടാന്‍ സൌകര്യമൊരുക്കിയും, മുട്ടകള്‍ വിരിയാന്‍ വേണ്ട അറുപത് ദിവസവും രാത്രിയില്‍ കാവലിരുന്നും വലകെട്ടി സരക്ഷിച്ചും ക്ലബ്ബംഗങ്ങള്‍ കര്‍മ്മ നിരതരായിരിക്കും. കടലാമ സംരക്ഷണ വളണ്ടിയര്‍മാരായ ക്ലബ്ബംഗങ്ങള്‍ക്ക് ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് മെന്‍റ് ചെറിയ രാതിയില്‍ വേതനവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. രണ്ടു ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം വനവല്‍ക്കരണ വിഭാഗം കടലാമ സംരക്ഷണത്തിനായി ചാവക്കാട്‌ മേഖലയില്‍ ചിലവഴിച്ചത്. ആമകള്‍ മുട്ടയിടാന്‍ കരക്ക്‌ കയറുന്ന സീസണ്‍ തുടങ്ങുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ചത്. 
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജെയിന്‍ ജോണ്‍ തേറാട്ടില്‍ ക്ലാസെടുത്തു.  ഹരിതസേനാംഗങ്ങള്‍ക്കുള്ള കിറ്റ് ജില്ലാ പഞ്ചായത്ത്മെമ്പര്‍ ആര്‍.പി ബഷീര്‍ വിതരണം ചെയ്തു. 
തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി.കണ്‍സര്‍വേറ്റര്‍ പ്രേമചന്ദ്രന്‍, റെയിഞ്ചാഫീസര്‍ ജയചന്ദ്രന്‍, ഡെപ്യൂട്ടി റെയിഞ്ചാഫീസര്‍ എം ജി അജിത്ത്,  ഫോറസ്റ്റ്‌ ഓഫീസര്‍മാരായ പി വിജയന്‍, ശശി, ഗ്രീന്‍ഹാബിറ്റാറ്റ് എക്സികുട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, സലീം ഐഫോക്കസ്, കബീര്‍ പപ്പാളി, സലാം പാപ്പാളി, എന്നിവര്‍ സംസാരിച്ചു. 

Mathrubhumi News     Madhyamam News    Mangalam News     Chavakkadonline News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക