.

.

Tuesday, November 4, 2014

തലക്കാവേരിപുൽമേട്ടിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി

കാസര്‍കോട് ● അതീവ പരിസ്ഥിതി ലോല സസ്യങ്ങളുടെ വംശത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യത്തെ തലക്കാവേരി ബ്രഹ്മഗിരി മലമുകളിലെ പുല്‍മേട്ടില്‍ കണ്ടെത്തി. കായാമ്പുവിന്റെയും കാശാവിന്റെയും കുടുംബത്തില്‍പ്പെട്ട അപൂര്‍വയിനം സസ്യം മണ്‍സൂണ്‍ കാലത്ത് മാത്രമാണ് കാണപ്പെടുക. പയ്യന്നൂര്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രഫ. ഡോ. രതീഷ്നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്.

സോണറില്ല വിഭാഗത്തില്‍പ്പെട്ട സസ്യത്തിന് പയ്യന്നൂര്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം മുന്‍ പ്രഫസര്‍ എം. രാഘവനോടുള്ള ആദരസൂചകമായി സോണറില്ല രാഘവീയാന എന്നാണ് പേരിട്ടിരിക്കുന്നത്.

പശ്ചിമഘട്ടത്തിലെ പുല്‍മേടുകളില്‍ കനത്ത മഴക്കാലത്ത് മാത്രം വളരുന്ന അപൂര്‍വ ഇനം സസ്യമാണ് സോണറില്ല രാഘവീയാന. തലക്കാവേരിയിലെ ബ്രഹ്മഗിരി മലമുകളില്‍ 1400 മീറ്റര്‍ ഉയരമുള്ള പുല്‍മേട്ടിലാണ് പുതിയ അതിഥി പിറന്നത്. നിലത്തു പടരുന്ന തരത്തില്‍ കടുത്ത വയലറ്റ് ഇലകളും പിങ്ക് നിറത്തിലുള്ള പൂക്കളുമാണ് സോണറില്ല രാഘവീയാനയുടെ പ്രത്യേകത. ഇവയ്ക്ക് മഞ്ഞ നിറത്തിലുള്ള കേസരങ്ങളുമുണ്ട്. മഴക്കാലത്ത് മുളച്ച് മഴ മാറുമ്പോഴേക്കും വാടിക്കരിഞ്ഞു പോകുന്ന തരത്തിലുള്ള സസ്യമാണിത്. സോണറില്ല രാഘവീയാന സസ്യശാസ്ത്ര ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഇനമാണെന്ന് നെതര്‍ലണ്ടിലെ സസ്യശാസ്ത്രവിദഗ്ധന്‍ ജെ.എഫ്. വെല്‍ഡ്ക്യാംപിന്റെ നേതൃത്വത്തിലുള്ള സംഘം അംഗീകരിച്ചു.

സോണറില്ല വിഭാഗത്തിലായി 38 ഇനം പുതിയ സസ്യങ്ങളെ ഇതുവരെ പശ്ചിമഘട്ട മലനിരകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡോ. രതീഷ് നാരായണന് പുറമെ ഡോ. സി.എസ്.  സുനില്‍, എം.കെ. നന്ദകുമാര്‍, ഡോ. ടി. ഷാജു, ഡോ. വി. ബാലകൃഷ്ണന്‍, ടി. സതീഷ്, വി. മിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ടപ്പാട് : ബി. അനീഷ് കുമാര്‍ November 2, 2014  Manorama online 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക