.

.

Wednesday, November 5, 2014

പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.

ഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ആറ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് ഇവയെ കണ്ടെത്തിയത്. 
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും. 
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്. 

ഒറ്റനോട്ടത്തില്‍ പക്ഷിക്കാഷ്ഠമാണെന്ന് തോന്നുന്ന കലേനിയ ചിലന്തിയാണ് മറ്റൊരു കണ്ടെത്തല്‍. ഇരുണ്ട ശരീരത്തോടുകൂടിയ ഇവ കാലുകള്‍ ശരീരത്തോട് ചേര്‍ത്തുവെച്ചിരിക്കും. പ്രാണികള്‍ അടുത്തുവന്നാല്‍ ഉടനെ ചാടിപ്പിടിക്കും. കലേനിയ ചിലന്തികളെ ഇതിനുമുമ്പ് ഓസ്‌ട്രേലിയയില്‍ മാത്രമാണ് കണ്ടെത്തിയത്.
നിത്യഹരിത വനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഹാപ്ലോക്ലാസ്റ്റസ് ചിലന്തിയേയും ഇവിടെ കണ്ടെത്തി. മണ്ണില്‍ മാളങ്ങളുണ്ടാക്കിയാണ് ഇവ ജീവിക്കുന്നത്. മാളങ്ങളില്‍ നിന്ന് പുറത്തേക്കു നീണ്ടുനില്‍ക്കുന്ന സില്‍ക്ക് നൂലുകളില്‍ ഇര വന്നു തൊടുമ്പോള്‍ അവയെ ഓടിവന്നു ഭക്ഷിക്കും.
ഇണയെ ആകര്‍ഷിക്കാന്‍ നെറ്റിയില്‍ ചുവപ്പും നീലയും വരകളുള്ള സെറ്റ്‌നെലൂറിലസ് ചിലന്തി ശാസ്ത്രലോകത്തിനു പുതിയതാണ്. ആണ്‍ചിലന്തി പെണ്‍ചിലന്തിയെ ആകര്‍ഷിക്കാന്‍ തലയുയര്‍ത്തി ഈ വരകള്‍ കാണിച്ച് നൃത്തം ചെയ്യും. സാള്‍ട്ടിസിഡേ കുടുംബത്തില്‍പ്പെട്ടതാണിവ. 
മുകള്‍ ഭാഗത്ത് പച്ചനിറത്തിലുള്ള പൊട്ടോടുകൂടിയ നിയോസ്‌കോണ ചിലന്തിയും ശാസ്ത്രലോകത്തിന് പുതിയതാണ്. 
കഴിഞ്ഞ നാല് ആഴ്ചകളായി നടത്തിയ പഠനത്തില്‍ ഇരുന്നൂറോളം ചിലന്തികളെയാണ് കണ്ടെത്തിയത്. ഇവയില്‍ ചിലത് പശ്ചിമഘട്ട നിരകളില്‍ മാത്രം കണ്ടുവരുന്നതാണെങ്കിലും ചിലതിന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേയും മലയന്‍ പ്രദേശത്തിലേയും ചിലന്തികളുമായി സാമ്യമുണ്ട് എന്നത് ഇന്ത്യയിലെ ചിലന്തികളുടെ പരിണാമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 
ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ വിഭാഗം മേധാവി ഡോ. സുധികുമാര്‍ എ.വി.യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളായ നഫിന്‍ കെ.എസ്., സുധിന്‍ പി.പി., സുമേഷ് എന്‍.വി., മിസവാര്‍ അലി, ജിമ്മി പോള്‍ എന്നിവര്‍ പങ്കെടുത്തു. പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ അന്‍ജന്‍ കുമാര്‍ ബി.എന്‍.!, ഡി.എഫ്.ഒ. കീര്‍ത്തി, റേഞ്ച് ഓഫീസര്‍ ജയപ്രകാശ്, ജോണ്‍സന്‍ എന്നിവരാണ് പഠനത്തിന് മുന്‍കയ്യെടുത്തത്. ഇതാദ്യമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഏതെങ്കിലും വനപ്രദേശത്ത് ചിലന്തി വൈവിധ്യ പഠനം നടത്തുന്നത്. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക